Physics: A World of Opportunities

May 3, 2026 | 4:43 pm Admin@physapt

ഫിസിക്സ്: അവസരങ്ങളുടെ വിശാല ലോകം

ശാസ്ത്രലോകത്തിലെ രാജാവ് എന്നറിയപ്പെടുന്ന വിഷയമാണ് ഫിസിക്സ് (ഭൗതിക ശാസ്ത്രം). പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളെ മനസ്സിലാക്കാനും ലോകത്തെ ശാസ്ത്രീയമായി കാണാനും സഹായിക്കുന്ന പ്രധാന വിഷയമാണ് ഇത്. ശാസ്ത്രത്തോടുള്ള താൽപര്യം, ഗണിതശാസ്ത്രത്തിൽ കഴിവ്, വിശകലനശേഷി, പ്രശ്നപരിഹാര നൈപുണ്യം എന്നിവയുള്ള വിദ്യാർത്ഥികൾക്ക് മികച്ച കരിയറിലേക്ക് നയിക്കുന്ന വഴിയാണ് ഫിസിക്സ്. ഫിസിക്സിൽ ബിരുദം നേടിയ ശേഷം അനവധി ഉപരിപഠന സാധ്യതകളും തൊഴിൽ അവസരങ്ങളും ലഭ്യമാണ്.

ഉപരിപഠന മേഖലകൾ

ഫിസിക്സിൽ ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് വിവിധ പ്രത്യേക മേഖലകളിൽ പഠനം തുടരാം. ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, ബയോഫിസിക്സ്, ക്വാണ്ടം ഫിസിക്സ്, ജിയോഫിസിക്സ്, മാത്തമാറ്റിക്കൽ ഫിസിക്സ്, തിയററ്റിക്കൽ ഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ്, നാനോ ഫിസിക്സ്, മോളിക്കുലർ ഫിസിക്സ്, ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, മെറ്റീരിയോളജി, ഓഷ്യനോഗ്രഫി, അറ്റ്മോസ്ഫെറിക് ഫിസിക്സ്, സീസ്മോളജി, ബയോഇൻഫർമാറ്റിക്സ്, റേഡിയേഷൻ ഫിസിക്സ്, സ്പേസ് സയൻസ്, നാനോ എഞ്ചിനീയറിംഗ് തുടങ്ങിയ നിരവധി മേഖലകൾ വിദ്യാർത്ഥികൾക്ക് തുറന്നുകിടക്കുന്നു. ഇവ ഗവേഷണത്തിനും നവോത്ഥാനത്തിനും വലിയ സാധ്യതകൾ ഒരുക്കുന്നവയാണ്.

പഠനാവസരങ്ങൾ

പി.ജി.യും ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി.യും ഉൾപ്പെടെ നിരവധി ഉയർന്ന പഠന പരിപാടികൾ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ലഭ്യമാണ്. JAM ( ജോയൻ്റ് അഡ്മിഷൻ ടെസ്റ്റ്) പരീക്ഷയിലൂടെ വിവിധ ഐ.ഐ.ടി.കളിൽ എം.എസ്.സി.യും ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി.യും ചെയ്യാം. കൂടാതെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇൻ്റഗ്രേറ്റഡ് പി എച്ച് ഡി പ്രോഗ്രാമിനും പ്രവേശനം നേടാം.ജോയിൻ്റ് എൻട്രൻസ് സ്‌ക്രീനിംഗ് ടെസ്റ്റ് (JEST) വഴി നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ പ്രവേശനം നേടാം. CUET PG വഴി സെൻട്രൽ യൂണിവേഴ്സിറ്റികളിൽ എം.എസ്.സി. പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. കൂടാതെ GATE പരീക്ഷയും ഉയർന്ന പഠനത്തിനും ഗവേഷണത്തിനും സഹായകരമാണ്.

വിദേശ പഠനത്തിന് താൽപര്യമുള്ളവർ IELTS, TOEFL, GRE തുടങ്ങിയ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി ലോകത്തെ മികച്ച സർവകലാശാലകളിൽ പഠിക്കാനാകും.

പ്രധാന സ്ഥാപനങ്ങൾ

ഫിസിക്സ് പഠനത്തിനായി ഇന്ത്യയിൽ നിരവധി പ്രശസ്ത സ്ഥാപനങ്ങൾ ലഭ്യമാണ്. Indian Institute of Technology, National Institute of Technology, Indian Institutes of Science Education and Research, National Institute of Science Education and Research, Tata Institute of Fundamental Research, Indian Institute of Space Science and Technology, Indian Institute of Science എന്നിവ പ്രധാനപ്പെട്ടവയാണ്.

ഡൽഹി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല തുടങ്ങിയ സെൻട്രൽ യൂണിവേഴ്സിറ്റികളും മികച്ച അവസരങ്ങൾ നൽകുന്നു. കേരളത്തിൽ Mahatma Gandhi University, University of Calicut, University of Kerala, Kannur University, Cochin University of Science and Technology എന്നിവിടങ്ങളിലും പഠനസൗകര്യങ്ങൾ ലഭ്യമാണ്.

പി.ജി. കഴിഞ്ഞാൽ Indian Institute of Astrophysics, Inter-University Centre for Astronomy and Astrophysics, Raman Research Institute, Physical Research Laboratory, Indian Statistical Institute തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ അവസരങ്ങൾ ലഭ്യമാണ്.

മറ്റു പ്രോഗ്രാമുകൾ

ഫിസിക്സ് പഠനത്തോടൊപ്പം നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളും തിരഞ്ഞെടുക്കാം. കാർഡിയാക് മെഡിക്കൽ ലാബ് ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, ന്യൂറോ ടെക്നോളജി, സൗണ്ട് എൻജിനീയറിംഗ്, സൈറ്റോജനറ്റിക്സ്, മെഡിക്കൽ & റേഡിയേഷൻ ഫിസിക്സ്, വി.എൽ.എസ്.ഐ ഡിസൈൻ, ബ്രോഡ്കാസ്റ്റ് ടെക്നോളജി, 3ഡി പ്രിന്റിംഗ് എന്നിവ ശ്രദ്ധേയമാണ്. കൂടാതെ മാനേജ്മെന്റ്, നിയമം, സോഷ്യൽ വർക്ക്, ജേർണലിസം, ടൂറിസം, ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എം.സി.എ തുടങ്ങിയ മേഖലകളിലും വിദ്യാർത്ഥികൾക്ക് വഴിമാറാം.

തൊഴിലവസരങ്ങൾ

ഫിസിക്സ് ബിരുദധാരികൾക്ക് വിദ്യാഭ്യാസ മേഖലയിൽ സ്കൂൾ തലത്തിൽ നിന്ന് സർവകലാശാല തലത്തിൽ വരെ അധ്യാപന അവസരങ്ങൾ ലഭ്യമാണ്. ബി.എസ്.സി ഫിസിക്സ് നേടിയവർക്ക് എയർ ട്രാഫിക് കൺട്രോളർ, ഫോറൻസിക് ലാബ് അസിസ്റ്റന്റ്, റെയിൽവേ സിഗ്നൽ ടെക്നീഷ്യൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കൂടാതെ സിവിൽ സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, എസ്.എസ്.സി, ബാങ്കിംഗ്, റെയിൽവേ, പ്രതിരോധ സേവനങ്ങൾ എന്നിവയിലേക്കും പ്രവേശിക്കാം.

ഫിസിക്സിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് Defence Research and Development Organisation, Indian Space Research Organisation, Council of Scientific and Industrial Research ലാബുകൾ എന്നിവിടങ്ങളിൽ ജോലി ലഭ്യമാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോഫിസിസിസ്റ്റ്, Bhabha Atomic Research Centre-ൽ സയന്റിഫിക് ഓഫീസർ തുടങ്ങിയ തസ്തികകളിലും അവസരങ്ങളുണ്ട്. ഗവേഷണ സ്ഥാപനങ്ങളിൽ റിസർച്ച് അനലിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ് തുടങ്ങിയ നിലകളിലും പ്രവർത്തിക്കാം

ഫിസിക്സ് ഒരു സാധാരണ വിഷയമല്ല, അത് ലോകത്തെ മനസ്സിലാക്കാനുള്ള ഒരു ശക്തമായ ഉപാധിയാണ്. ശാസ്ത്രത്തോടും ഗണിതത്തോടും താൽപര്യമുള്ള പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫിസിക്സ് തിരഞ്ഞെടുക്കുന്നത് ഭാവിയിൽ വലിയ അവസരങ്ങൾ തുറക്കുന്ന ഒരു മികച്ച തീരുമാനമാണ്.

Career Document

PDF will be available here once uploaded in ACF field career_pdf.